ന്യൂഡൽഹി: ഡൽഹിയിലെ ഗതാഗതക്കുരുക്കിനെക്കുറിച്ചു രസകരമായ പരാമർശവുമായി മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. ബ്രിട്ടീഷ് ഡെപ്യൂട്ടി പിഎം ഡേവിഡ് ലാമിക്കൊപ്പമുള്ള സംയുക്ത സെഷനിൽ പങ്കെടുക്കാൻ ഏതാനും മിനിറ്റുകൾ വൈകിയെത്തിയപ്പോഴാണ് അദ്ദേഹം നർമത്തിൽ ചാലിച്ച മറുപടി നൽകിയത്. "വൈകിയതിൽ ക്ഷമ ചോദിക്കുന്നു, പൂർണമായും എന്റെ തെറ്റാണ്. ഈ ആഴ്ച നമ്മൾ കേട്ടതുപോലെ നിർമിത ബുദ്ധി(എഐ)ക്കു പലതും ചെയ്യാൻ കഴിയും, പക്ഷേ ഡൽഹിയിലെ ഗതാഗത പ്രശ്നങ്ങൾ പരിഹരിക്കാൻ ഇതുവരെ സാധിച്ചിട്ടില്ല...' സുനക് പറഞ്ഞു.
നിർമിത ബുദ്ധിയുടെ മേഖലയിൽ ഇന്ത്യ കൈവരിച്ച നേട്ടങ്ങളെ മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി പ്രശംസിച്ചു. നരേന്ദ്ര മോദിയുടെ നേതൃത്വത്തെയും സാങ്കേതികവിദ്യ വികസിപ്പിക്കാനുള്ള ഇന്ത്യയുടെ കരുത്തിനെയും സുനക് അഭിനന്ദിച്ചു. സ്റ്റാൻഫോർഡ് സർവകലാശാലയുടെ ആഗോള റാങ്കിംഗ് പ്രകാരം എഐ സൂപ്പർ പവർ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ ആദ്യ മൂന്നു സ്ഥാനങ്ങളിൽ എത്തിയതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ നേട്ടത്തിൽ ഇന്ത്യക്കാർക്ക് അഭിമാനിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഡൽഹിയിൽ നടക്കുന്ന എഐ ഉച്ചകോടിയിൽ മുഖ്യപ്രഭാഷകനായി എത്തിയതായിരുന്നു ഋഷി സുനക്. എഐയുടെ ആഗോള യാത്രയിൽ വികസിത രാജ്യങ്ങൾക്കു മാത്രമല്ല, വികസ്വര രാജ്യങ്ങൾക്കും വലിയ പങ്കുണ്ടെന്നും അതിനു നേതൃത്വം നൽകാൻ ഇന്ത്യക്കു കഴിയുമെന്നും സുനക് പറഞ്ഞു. എഐ സാങ്കേതികവിദ്യയെക്കുറിച്ചു ചർച്ച ചെയ്യാൻ ഇത്തരം സ്ഥിരം വേദികൾ അത്യാവശ്യമാണെന്നും ഋഷി സുനക് അഭിപ്രായപ്പെട്ടു.